തിരുവനന്തപുരം ∙ രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ എന്ന വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിഷയുടെ ആദ്യ ഭർത്താവായ ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടിൽ തന്നെയാണ് താമസിച്ചു വന്നിരുന്നത്. പതിനൊന്ന് ദിവസം മുമ്പാണ് വർക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാർ ആരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.
