ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത ഇൻസ്റ്റഗ്രാം വിവരങ്ങൾ വീണ്ടെടുക്കാൻ പൊലീസ് അന്വേഷണ സംഘം

കൊച്ചി : ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് സൂചന. ഇതിനു മുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *