കൊയിലാണ്ടി: നന്തിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നന്തി വന്മുഖം മുത്താച്ചി കണ്ടി ഷിഹാബ് (27) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 26-ന് രാത്രി നന്തി മേൽപ്പാലത്തിൽ വച്ചായിരുന്നു അപകടം. ഷിഹാബും സുഹൃത്ത് മനൂഫും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. ഗുരുതരമായി

പരിക്കേറ്റ ഷിഹാബ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പരേതനായ മുത്താച്ചി കണ്ടി ഉസ്മാന്റെയും സഫിയയുടെയും മകനാണ് ഷിഹാബ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊയിലാണ്ടി പോലീസ് ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

