മരിച്ചെന്ന് ഡോക്ടർമാർ, എന്നാൽ അഞ്ചര മണിക്കൂറിന് ശേഷം 18 മാസം പ്രായമായ കുഞ്ഞിന് ജീവനുണ്ടെന്ന് മോർച്ചറി ജീവനക്കാർ!

അമേരിക്കയിലെ അരിസോണയിൽ മരിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി. നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ മരിച്ചെന്ന് പ്രഖ്യാപിച്ച ആശുപത്രി അധികൃതർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
അമേരിക്കയിലെ അരിസോണയിൽ മരിച്ചെന്ന് ഡോക്ടർ പ്രഖ്യാപിച്ച 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം ആശുപത്രി മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ മകൻ വിൻസെൻറിന് അന്ത്യ ചുംബനം നൽകാനായി മോർച്ചറിയിലെത്തിയ അമ്മ അലക്സസ് ഫിയോർഡിലിനോ, മകൻ ശ്വാസമെടുക്കുന്നത് പോലെ തോന്നി. എന്നാൽ, അത് തൻറെ തോന്നലാകാമെന്ന് കരുതിയ അവർ ഡോക്ടർമാരുടെ വാക്കുകൾ വിശ്വസിക്കുകയായിരുന്നെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടെത്തിയത് നീന്തൽക്കുളത്തിൽ
2026 ഫെബ്രുവരി എട്ടിന് സൂപ്പർ ബൗൾ ഞായറാഴ്ചയായിരുന്നു സംഭവം. കുടുംബത്തിൻറെ നീന്തൽക്കുളത്തിൽ മുഖം താഴേക്ക് കിടക്കുന്ന നിലയിലായിരുന്നു വിൻസെൻറിനെ വീട്ടുകാർ കണ്ടെത്തിയത്. പിന്നാലെ അവനെ അടുത്തുള്ള ഗിൽബെർട്ടിലെ മെഴ്‌സി ഗിൽബെർട്ട് മെഡിക്കൽ സെൻററിലെത്തിച്ചു. വൈകിട്ട് 6.20 ന് ഡോക്ടർ കുട്ടിയുടെ മരണം പ്രഖ്യാപിച്ചു. കുഞ്ഞിൻറെ രക്തത്തിലെ അമ്ലതയും ആരോഗ്യനിലയും വിശദീകരിച്ച ഡോക്ടർമാർ തുടർചികിത്സ ഫലപ്രദമാകില്ലെന്ന് അറിയിച്ചതായി അമ്മ പറഞ്ഞു. കുഞ്ഞ് ശ്വസിക്കുന്നതുപോലെ തോന്നിയെന്ന കുടുംബത്തിൻറെ ആശങ്കയും അന്ന് പരിഗണിച്ചില്ലെന്ന് പിന്നീട് ആരോപണമുയർന്നു.

ജീവിതത്തിലേക്ക്!
എന്നാൽ, രാത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനറുടെ ജീവനക്കാരനാണ് കുഞ്ഞ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. വിവരം അറിഞ്ഞ മാതാപിതാക്കൾ ആശ്വാസത്തിൽ നിലവിളിച്ചെന്നും ഉടൻ കുഞ്ഞിനെ ഫീനിക്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അലക്സസ് പറഞ്ഞു. കുഞ്ഞിൻറെ രക്തപരിശോധനാഫലം മരണപ്രഖ്യാപനത്തിന് ശേഷം ലഭിച്ചതാണെന്ന് മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നതായി കുടുംബത്തിൻറെ അഭിഭാഷകൻ പറഞ്ഞു. വൈകിട്ട് 6.20 -ന് മരണം പ്രഖ്യാപിച്ചപ്പോൾ നിർണായക പരിശോധനാഫലം ലഭിച്ചിരുന്നില്ലെന്നും അത് 6.38 -നാണ് വന്നതെന്നുമാണ് റിപ്പോർട്ടുകൾ. കുട്ടിയ്ക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയ്ക്കും ജീവനക്കാർക്കുമെതിരെ പരാതി നൽകുമെന്നും വിൻസെൻറിൻറെ കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *