തിരുവനന്തപുരം: എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐ. ഗോകുലിനെതിരെ പോലീസിന്റെ അന്വേഷണം. ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’ എന്ന് എസ്.ഐ. സംസാരിക്കുന്ന ശബ്ദസന്ദേശം എസ്.എഫ്.ഐ. പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ എസ്.ഐ. ഗോകുലിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. പ്രചരിക്കുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദം തന്നെയാണെന്ന് എസ്.ഐ. സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കമ്മിഷണർ ഉത്തരവിട്ടത്.
പ്രത്യേക വിഭാഗം (സ്പെഷ്യൽ ബ്രാഞ്ച്) അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എസ്.ഐ.ക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.

