കൊച്ചി: മാത്യു കുഴൽ നാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂർക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും അരലക്ഷം രൂപ വില വരുന്ന വയറിങ് കേബിളുകൾ പ്രതി മോഷ്ടിച്ചത്.

എറണാകുളം പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന എംഎൽഎയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തെതുടർന്ന് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്ന കരാറുകാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. മോഷണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മോഷണം. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
