‘കണ്ണ് വെട്ടിച്ച് കൊണ്ടുപോയി’; വണ്ടി എടുക്കാൻ ഉടമ സ്റ്റേഷനിലെത്തിയപ്പോൾ വണ്ടി കാണാനില്ല, നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

തിരുവനന്തപുരം: നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണ് സ്റ്റേഷന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്ന് മോഷണം പോയത്.

കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്റ്റേഷൻ വളപ്പിലും പരിസരത്തും പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്.

സിസിടിവി ക്യാമറയുടെ പരിധിയിലാണ് തൊണ്ടിമുതലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ടത് പൊലീസിന് വലിയ നാണക്കേടായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഥലപരിമിതിയും പ്രശ്നമാണെന്നാണ് പൊലീസുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *