കൊച്ചി: സമൂഹമാധ്യമങ്ങളിൽ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദർ കരിപ്പൊടി. മാധ്യമങ്ങൾക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താൻ ഉൾപ്പെടെ പാർട്ണർഷിപ്പുള്ള കമ്പനിയിൽ നിന്നും പരാതിക്കാരൻ ഒരുവർഷം മുമ്പ് വാങ്ങിയ സാധനങ്ങൾക്ക് പണം നൽകിയിട്ടില്ലെന്ന് ഖാദർ വീഡിയോയിൽ ആരോപിക്കുന്നു. വാട്‌സആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീൻഷോട്ടും വീഡിയോയിൽ ഖാദർ പങ്കുവെച്ചിട്ടുണ്ട്.
പണം വാങ്ങിയെങ്കിൽ തിരിച്ചുകൊടുക്കാനുള്ള മര്യാദ കാണിക്കണമെന്നും പണം ചോദിച്ച തന്റെ കർണാടകക്കാരനായ ബിസിനസ് പങ്കാളിയെ പരാതിക്കാരൻ നിസ്സാരവൽക്കരിച്ച് സംസാരിച്ചെന്നും ഖാദർ പറയുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഖാദർ കരിപ്പൊടിക്കെതിരായ കേസ്.
കഴിഞ്ഞദിവസമായിരുന്നു ഖാദർ കരിപ്പൊടി അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ സംഘം ചേർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാസർകോട് ടൗൺ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുൾ അഹമ്മദിനെ ഖാദർ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മർദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്‌റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികൾ.
ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ സാരമായി പരുക്കേറ്റ അഹദ് കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
