ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങി 12 ദിവസം; എംഡിഎംഎയുമായി യുവാവ് വീണ്ടും പിടിയിൽ; വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പിന്തുടർന്ന് പിടികൂടി

ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപത്തുനിന്ന് എക്സൈസും പൊലീസും ചേർന്ന് യുവാവിനെ എംഡിഎംഎയുമായി പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ആലപ്പുഴ പവർ ഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൻഷാദ് (37) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും വീട്ടിൽനിന്നുമായി ആകെ 26.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞമാസം അവസാനം 150 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി 12 ദിവസത്തിന് ശേഷമാണ് വീണ്ടും പൊലീസിന്റെ വലയിലാകുന്നത്.

ജാമ്യത്തിലിറങ്ങിയ അന്ന് മുതൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വിൽപ്പനയ്ക്കായി വീടിന് പുറത്തേക്ക് പോകുന്നതിനിടെ പിന്തുടർന്ന് പിടികൂടിയ പൊലീസിന് ഇയാളുടെ പക്കൽനിന്ന് ആദ്യം 1.38 ഗ്രാം എംഡിഎംഎ ലഭിച്ചു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 25.5 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. ജില്ലയിലെ നിരവധി എൻഡിപിഎസ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അൻഷാദ്.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് എസ്ഐമാരായ ദേവിക, ബാലു, ഗ്രേഡ് എസ്ഐ മുജീബ്, എഎസ്ഐ ഉല്ലാസ്, എസ്‌സിപിഒമാരായ ബിനോയ്, ശ്യാം, വിപിൻ ദാസ്, സവിത എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *