കോഴിക്കോട്: താമരശ്ശേരിയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ് (57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.

ബുധനാഴ്ച രാത്രി 7:30-ഓടെ താമരശ്ശേരി കൈതപ്പൊയിൽ-നോളജ് സിറ്റി റോഡിലായിരുന്നു അപകടം നടന്നത്. റഷീദും ഭാര്യയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മറ്റു യാത്രക്കാർ ചേർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ റംല നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
