പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കേടായി റോഡിൽ കിടന്നിരുന്ന മരം കയറ്റിയ ലോറിയുടെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് അപകടത്തിൽ മരണപ്പെട്ടത്.

നിയന്ത്രണം വിട്ടുവന്ന ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന മര ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചതിന്റെ കടുത്ത ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും മര ലോറിക്ക് തീപിടിച്ച് പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീയണയ്ക്കുകയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തത്.
