കരുവാറ്റ കൊലപാതകം: അന്വേഷണത്തിൽ കേസ് നൂലാമാല; പ്രതികളെ ചോദ്യം ചെയ്യാനോ തെളിവെടുപ്പിനോ എത്തിക്കാനായില്ല

കൊല്ലപ്പെട്ട ശിവൻകുട്ടി വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ പിന്നിലുള്ള ശൗചാലയത്തിലെ എയർഹോളിനു മുകളിലെ ഷീറ്റ് പൊട്ടിയനിലയിൽ. ചുവടെയുള്ള എയർഹോളിലൂടെയാണ് പിടിയിലായവർ വീട്ടിൽ കടന്നത്.
ഹരിപ്പാട്: പെൺകുട്ടിയുൾപ്പെടെ കൗമാരക്കാർ ആസൂത്രിതമായി നടത്തിയ കരുവാറ്റയിലെ കൊലപാതകം കേരള പോലീസിന്റെ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. വയോധികൻ കൊല്ലപ്പെട്ട കേസ് അപൂർവവും സങ്കീർണവുമായതിനാൽ പോലീസ് അതീവ സൂക്ഷ്മതയോടെയാണു മുന്നോട്ടുനീങ്ങുന്നത്. അന്വേഷണത്തിലും തെളിവുശേഖരണത്തിലുമെല്ലാം മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ട്. സങ്കീർണമായ നടപടിക്രമങ്ങൾ പിന്തുടരേണ്ടതിനാൽ അന്വേഷണവിവരം പുറത്തറിയാതിരിക്കാനുള്ള ശ്രമവുമുണ്ട്.

കുറ്റാരോപിതർക്കുള്ള നിയമപരിരക്ഷയുടെ പരിധിക്കുള്ളിൽനിന്നുള്ള അന്വേഷണം ഉദ്യോഗസ്ഥരുടെ മേലുണ്ടാക്കുന്ന സമ്മർദം ചെറുതല്ല. പലപ്രാവശ്യം പരിശോധിച്ചാണ് നിയമപരമായ ഓരോ നടപടിയും പോലീസ് സ്വീകരിക്കുന്നത്.

കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) കഴിഞ്ഞ 15-നു രാത്രിയാണു കൊല്ലപ്പെട്ടത്. 17-നു രാവിലെയാണു സംഭവം പുറത്തറിഞ്ഞത്‌. 24 മണിക്കൂറിനകം കുറ്റാരോപിതരെ പോലീസ് പിടികൂടുകയും തൊണ്ടിമുതലായ നാലരപ്പവൻ സ്വർണം കണ്ടെത്തുകയും ചെയ്തു. എന്നാൽ, കുറ്റാരോപിതർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരെ കരുതൽത്തടങ്കലിലാക്കി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റഡിയിൽ ചോദ്യംചെയ്യാനോ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്താനോ പോലീസിനു കഴിഞ്ഞിട്ടില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് മൂന്നു കൗമാരക്കാർ മൃഗീയമായരീതിയിൽ കൊലനടത്തിയത് സമാനതകളില്ലാത്ത കുറ്റകൃത്യമായാണു പോലീസ് വിലയിരുത്തുന്നത്. ആശയവിനിമയത്തിനു പ്രത്യേകം സിം കാർഡ് എടുത്തതുൾപ്പെടെയുള്ള നടപടി കൃത്യമായ ആസൂത്രണത്തിലേക്കു വിരൽചൂണ്ടുന്നതാണ്.

മുതിർന്നവർ ഉൾപ്പെടുന്ന കേസുകളിൽ പ്രതികളെ പിടികൂടി ആയുധങ്ങളും തൊണ്ടിയും കണ്ടെത്തുന്നതോടെ അന്വേഷണം പൂർത്തിയാകും. ശാസ്ത്രീയ തെളിവുകൂടി ശേഖരിച്ച് കോടതിയിൽ കുറ്റപത്രം നൽകാനാകും. എന്നാൽ, ഈ കേസിലെ നൂലാമാല കാരണം കുറ്റാരോപിതരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുകയെന്ന പ്രാഥമിക നടപടിപോലും പൂർത്തിയാക്കാനായിട്ടില്ല.

16-നും 18-നും മധ്യേ പ്രായമുള്ളവർ കൊലപാതകക്കേസിലുൾപ്പെട്ടാൽ അവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്താനാകും. ജ്യുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കരുവാറ്റ കേസിൽ പ്രതികളായ മൂന്നു കൗമാരക്കാരെ ഈ രീതിയിൽ വിചാരണ നടത്താനുള്ള അപേക്ഷയുമായി അന്വേഷണ ഉദ്യോഗസ്ഥർ ബോർഡിനെ സമീപിച്ചിട്ടുണ്ട്.

നിർണായകമായ അഞ്ചു സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു

ഹരിപ്പാട്: കരുവാറ്റ കൊലപാതകത്തിൽ കുറ്റാരോപിതരുടെ യാത്ര വ്യക്തമാക്കുന്ന അഞ്ചു സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ആദ്യ ദൃശ്യം. നഗരത്തിൽ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്നുള്ള ദൃശ്യവും കിട്ടി. കരുവാറ്റയിൽ ശിവൻകുട്ടി ചെട്ടിയാർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്ക് കുറ്റാരോപിതർ നടന്നുപോകുന്നതിന്റെ രണ്ടു ദൃശ്യങ്ങൾ സമീപത്തെ വീടുകളിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം മടങ്ങിപ്പോകുന്നതിന്റെ ദൃശ്യവും പോലീസ് ശേഖരിച്ചു.

പ്രതികൾ ഹരിപ്പാട്ടെത്തി കരുവാറ്റയിലെ വീട്ടിൽ കയറി കൊലപാതകവും മോഷണവും നടത്തിയശേഷം മടങ്ങിയതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകളാണ്. ഈ സമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *