സൈഡ് കൊടുക്കാത്തതിൽ തർക്കം; കെ.എസ്.ആർ.ടി.സി. ഡ്രൈവറിനെ ബിയർകുപ്പികൊണ്ട് തലക്കടിച്ചു

സൈഡ് കൊടുക്കാത്തതിൽ തർക്കം; കെ.എസ്.ആർ.ടി.സി. ഡ്രൈവറിനെ ബിയർകുപ്പികൊണ്ട് തലക്കടിച്ചു
പിടിയിലായ നൗഫൽ, പരിക്കേറ്റ നന്ദകുമാർ
വിതുര: കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള ആക്രമണം. ആക്രമണത്തിൽ വിതുര ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിന് (47) പരിക്കേറ്റു. പ്രതി തൊളിക്കോട് സ്വദേശി നൗഫൽ പോലീസ് പിടിയിലാണ്.വിതുര ബിവറജസ് ഔട്ലറ്റിനു മുന്നിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

ബോണക്കാടുനിന്നുള്ള സർവീസ് വിതുര കലുങ്കിലെത്തി തിരികെ ഡിപ്പോയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കണ്ടുനിന്നവർ പറഞ്ഞു. നൗഫൽ ഡ്രൈവറോട് ആക്രോശിക്കുകയും ചീത്ത വിളിക്കുകയും ബസിൽ അടിക്കുകയും ചെയ്തു. ബസിൽനിന്നിറങ്ങി ഇത് ചോദ്യം ചെയ്തപ്പോഴാണ് കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് നന്ദകുമാറിന്റെ തലയ്ക്കടിച്ചത്. ഇടതുചെവിയുടെ തൊട്ടുമുകളിലായി തലയിൽ ആഴത്തിൽ മുറിവേറ്റു. ഡിപ്പോ തൊട്ടടുത്തായതിനാൽ സഹപ്രവർത്തകർ ഓടിയെത്തി നന്ദകുമാറിനെ വിതുര താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *