അവിവാഹിതയായ മകൾ ഗർഭിണിയായി; കുടുംബത്തിന് മാനക്കേടുണ്ടാകുമെന്ന് ഭയന്ന് 18-കാരിയെ നദിയിൽ മുക്കിക്കൊന്ന പിതാവും ബന്ധുവും അറസ്റ്റിൽ

അവിവാഹിതയായ 18-കാരി ഗർഭിണിയായതിനെ തുടർന്ന് നാണക്കേട് ഭയന്ന് മകളെ നദിയിൽ മുക്കിക്കൊന്ന പിതാവും ബന്ധുവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. ഡൽഹി തിഗ്രിയിലെ ബസൗനി ഗ്രാമവാസിയായ 52-കാരനായ പിതാവാണ് പ്രതി.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. ജൂലൈ 31-നായിരുന്നു സംഭവം. ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നു എന്ന് വിശ്വസിപ്പിച്ചാണ് പിതാവും ബന്ധുവും ചേർന്ന് ആഗ്രയിലേക്ക് കൊണ്ടുപോയത്. ആഗ്രയിലെ ബന്ധുവീട്ടിൽ താമസിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ചമ്പൽ നദിക്കരയിലെത്തിക്കുകയായിരുന്നു. നദിയിലേക്ക് ചാടി ജീവനൊടുക്കാൻ പെൺകുട്ടിയോട് പിതാവ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് ബലമായി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.

മകൾ ആഗ്രയിൽ വെച്ച് മരണപ്പെട്ടെന്നും അവിടെത്തന്നെ ചടങ്ങുകൾ നടത്തിയെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ അയൽവാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നേരിടേണ്ടിവരുന്ന അപമാനം ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. മരിച്ച നിലയിലുള്ള മകളുടെ മൃതദേഹത്തിന്റെ കാലിൽ പിടിച്ച് ഇയാൾ ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹത്തിനായി ചമ്പൽ നദിയിൽ തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *