വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ ആൺസുഹൃത്തിന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. ചൂണ്ടി സ്വദേശി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷിബിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ ബന്ധത്തിൽ നിന്ന് പിന്മാറുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ ആവശ്യപ്പെട്ടതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഷിബിൻ കത്തി ഉപയോഗിച്ച് സുരമ്യയെ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഷിബിൻ തന്നെയാണ് വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *