തിരുവനന്തപുരം: എംഡിഎംഎ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററെന്ന വാർത്ത തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആളെ തനിക്ക് അറിയാമെങ്കിലും അയാൾ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്ക് സോഷ്യൽ മീഡിയ ടീമോ അതിനൊരു കോർഡിനേറ്ററോ ഇല്ല. അറസ്റ്റിലായ രണ്ട് പേരെ തനിക്ക് അറിയാം. അതിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൾ സലാം എന്നിവരെ തനിക്ക് അറിയാമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈന് നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ചപ്പോൾ ക്രൂരമായ പൊലീസ് മർദനമേറ്റിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന താൻ ഇയാളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കാണാൻ വീട്ടിൽ വരാമെന്ന് വാക്ക് നൽകിയിരുന്നു. ഇതിൻ പ്രകാരം അവിടെ പഞ്ചായത്തിൽ ഒരു പരിപാടിക്ക് പോയപ്പോൾ ആ വഴി ഇയാളേയും സന്ദർശിച്ചു. അതിന്റെ ചിത്രങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ അടികൊണ്ട പിള്ളേരെ ആശ്വസിപ്പിക്കും എന്ന നിലപാടിന്റെ ഭാഗമായാണ് ഇവരെ താൻ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇയാളുടെ ഇങ്ങനെയൊരു പശ്ചാത്തലത്തെക്കുറിച്ച് നാട്ടുകാർക്കോ പഞ്ചായത്ത് അധികൃതർക്കോ പാർട്ടിക്കാർക്കോ അറിയുമായിരുന്നില്ല. കേസ് വന്നപ്പോഴാണ് താനും ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
