മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പത്തിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചത്. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

കാസർകോട് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇവിടെ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

തക്കൻ തമിഴ്‌നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമർദ്ദ പാത്തിയുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *