നാദാപുരം വളയത്ത് ഉമ്മ ഓടിച്ച സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു


നാദാപുരം: ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എട്ടുവയസ്സുകാരി മരിച്ചു. വളയം കുയ്തേരി കൊയോലിന്റെ വീട്ടിൽ മുഹമ്മദിന്റെ മകളും കുയ്തേരി സഹ്റ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്.

വളയം-കുറുവന്തേരി റോഡിലെ വണ്ണാർകണ്ടി ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു അപകടം. ഉമ്മ സൽമയോടും മറ്റ് രണ്ട് കുട്ടികളോടുമൊപ്പം കുയ്തേരിയിലെ വീട്ടിൽ നിന്ന് താനക്കോട്ടൂരിലെ തറവാട്ടു വീട്ടിലേക്ക് പോവുകയായിരുന്നു ഫാത്തിമ. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വലതുവശത്തേക്ക് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്നുവന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ തന്നെ വളയം ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

സ്‌കൂട്ടറിലുണ്ടായിരുന്ന ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്

.

Leave a Reply

Your email address will not be published. Required fields are marked *