തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിക്കപ്പ് ലോറിയിൽ കയറ്റി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടിൽപ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനാൻ ശിക്ഷിച്ചത്. മൂന്നര വർഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തൻറെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിൽ വന്നും ലൈംഗികാതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നു.

2024 ഏപ്രിൽ 22ന് വാഹനത്തിൽ വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടർന്ന് തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപാലം സബ് ഇൻസ്പെക്ടർമാരായ വിഷ്ണു എം.പി, എ. അൻവർ ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *