കൽപ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ വേണുഗോപാൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവിൽപ്പനക്കാരനായ

ഇയാൾ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇത്തരത്തിൽ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടവിനാണ് ഉത്തരവ്.കൽപ്പറ്റ സ്റ്റേഷനിൽ വേണുഗോപാലിനെതിരെ നാല് ലഹരിക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ അടക്കമുള്ള കർശനമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ് പോലീസ്.
