കൃത്യനിർവഹണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോഴിക്കോട് ചേവായൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മർദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെ മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു.
കോഴിക്കോട്: കൃത്യനിർവഹണം നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കോട് ചേവായൂർ പടിഞ്ഞാറ്റുമുറി മാടത്തിൽ വീട്ടിൽ രാഹുലി(28)നെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മർദ്ദിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 112ൽ കോൾ വരികയായിരുന്നു. തുടർന്ന് എ.എസ്.ഐ ദീപക്കിന്റെ നേതൃത്വത്തിൽ പോലീസുകാർ ചേവായൂർ പടിഞ്ഞാറ്റുമുറിയിലെ രാഹുലിന്റെ വീട്ടിലെത്തി. ഈ സമയം മദ്യലഹരിയിൽ യുവാവ് ബഹളം വെക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിക്കുകയും എ.എസ്.ഐയുടെ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.
