തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയിൽ, ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

അടുക്കളയിൽ മലർന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അരൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയുമുണ്ടായിരുന്നതിനാൽ സംശയമുയർന്നെങ്കിലും മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ കെ രമേശൻ (72) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകൾ പല തവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്നാണ് അയൽവാസിയെ വിവരം അറിയിച്ചത്. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അരൂർ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഒരു കൈ സ്ലാബിൽ പിടിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിന്നിലേക്ക് വീഴുന്നതിനിടെ സ്ലാബിൽ പിടിച്ചതാകാമെന്നും വീഴ്ചയിൽ തല തട്ടിയാണ് മുറിവ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. കഴുത്തിലെ മാലയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടതായി സൂചനയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ അന്വേഷണം നടത്തുമെന്ന് അരൂർ പൊലീസ് അറിയിച്ചു.ഭാര്യ: പരേതയായ കുസുമം. മക്കൾ: രാഹുൽ (പൊലീസ്, ത്രിപുര), രാഖി. മരുമക്കൾ: അരുൾ, അനു.

Leave a Reply

Your email address will not be published. Required fields are marked *