കോട്ടയം: കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. ഞാലിയാകുഴി എംജിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. വീടിന് സമീപം ജൽ ജിവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോൾ കുഴിയിൽ വീഴുകയായിരുന്നു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത അതിതീവ്ര മഴ കേരളത്തെ മുക്കി. മഴക്കെടുതിയിൽ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിൻ്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരൻ ആദം അയ്മൻ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. ഇന്ന് കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.
