മുഖ്യമന്ത്രിയുടെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്; കപ്പൽ നിർമ്മാണ ശാല നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാല നിർമ്മിക്കില്ല. ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണ പദ്ധതികളൊന്നുമില്ലെന്നും അധികൃതർ വിശദീകരിച്ചു. ഇക്കണോമിക്‌സ് ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്.

ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ ടാറ്റ സന്നദ്ധത അറിയിച്ച കാര്യം മുഖ്യമന്ത്രി പറഞ്ഞത്. പതിനായിരം കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്നായിരുന്നു സതീശൻ പറഞ്ഞത്. ടാറ്റയുടെ ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സ്ഥലം വിട്ടുനൽകുമെന്നും സതീശൻ പറഞ്ഞിരുന്നു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിന് പുറമേ മാരിടൈം സെമിനാർ വേദിയിലും മുഖ്യമന്ത്രി അവകാശവാദം ആവർത്തിച്ചിരുന്നു.

കേരളത്തെ കടൽശക്തിയാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് മദർഷിപ്പ് നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പൽശാല സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കേരളത്തിൽ കപ്പൽ നിർമ്മാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചുവെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. ഇത് വലിയ പ്രാധാന്യത്തോടെയായിരുന്നു മാധ്യമങ്ങൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *