ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾ വീണ്ടും കുറ്റം ആവർത്തിച്ച സാഹചര്യത്തിലാണ് ഈ നടപടി.
ഇന്നലെ രാത്രിയിലാണ് രാജൻ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജൻ ജോസഫിനെക്കൂടാതെ സിബി എന്ന ഒരാൾക്ക് കൂടി എതിരെ പരാതി നൽകിയിട്ടുണ്ട്. രാജൻ ജോസഫ് നിലവിൽ അടൂർ പൊലീസ് സ്റ്റേഷനിലാണുള്ളത്. അടൂർ പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാൾ ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം.
മുൻ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഒളിവിൽപ്പോയ രാജനെ തിരഞ്ഞ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
