മഞ്ചേരി മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിന് മുന്നിൽ നിർത്തിയിട്ട ആരോഗ്യവകുപ്പിന്റെ വാനിൽ വടിവാൾ; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം:മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെടുത്തു. ഒ.പി ബ്ലോക്കിന് മുൻപിൽ കട്ടപ്പുറത്തായ നിലയിൽ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ വീതിയുമുള്ള വാളിന്റെ മൂർച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോൾ സീറ്റിനടിയിൽ വടിവാൾ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾ ഉടൻ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും, തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാൾ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വാൾ. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വടിവാൾ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നിൽ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *