തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷ എഴുതിയവർ പെട്ടു; കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പരീക്ഷാ ചോദ്യപേപ്പറിൽ വൻ വീഴ്ച

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ചയെന്ന് പരാതി. ഭിന്നശേഷിക്കാർക്കായുള്ള വിവിധ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് വീഴ്ച സംഭവിച്ചത്. പരീക്ഷയുടെ ചോദ്യപേപ്പറിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകുമെന്ന നിർദേശം അച്ചടിപ്പിശകാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പരീക്ഷയുടെ വിജ്ഞാപനത്തിൽ നെഗറ്റീവ് മാർക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ചോദ്യപേപ്പറിൽ നിർദേശത്തിന്റെ ഭാഗത്ത് നെഗറ്റീവ് മാർക്ക് ഉണ്ടെന്നാണ് അച്ചടിച്ച് വന്നത്. ഇതോടെ വിദ്യാർത്ഥികൾ ഉറപ്പില്ലാത്ത പല ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തിയില്ല. ശരിയുത്തരങ്ങൾക്ക് 4 മാർക്കും തെറ്റുത്തരങ്ങൾക്ക് ഒരു മാർക്ക് നെഗറ്റീവും എന്നാണ് പരീക്ഷാ പേപ്പറിലെ നിർദേശങ്ങളിലുണ്ടായിരുന്നത്.

അതേസമയം ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാർ നെഗറ്റീവ് മാർക്കില്ലെന്നും അച്ചടിപ്പിശകാണെന്നും സൂചിപ്പിച്ചതോടെ ആ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതി. പരീക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറിലെ ക്രമക്കേടിനെ കുറിച്ച് വ്യക്തമായത്. ഇതോടെ അധികൃതരെ വിവരമറിച്ചെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ജൂൺ 28ന് രാജ്യത്തെ 35 സെന്ററുകളിലാണ് പരീക്ഷ നടത്തിയത്. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടുമാണ് പരീക്ഷ നടന്നത്. ഇവിടെ നെഗറ്റീവ് മാർക്ക് ഇല്ലാത്ത കാര്യം വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്‌സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് ചെന്നൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോ മോട്ടർ ഡിസെബിലിറ്റീസ് കൊൽക്കത്ത തുടങ്ങി രാജ്യത്തെ 9 സ്ഥാപനങ്ങളിലെ 18 കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *