പേരാമ്പ്ര വെള്ളിയൂരിൽ പിക്കപ്പ് വാനും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്

പേരാമ്പ്ര : പേരാമ്പ്ര വെള്ളിയൂരിൽ പിക്കപ്പ് വാനും ഗുഡ്സ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വയനാട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും (KL 14 AB 2824), പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വാനും (KL 57 U 1654) തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ ഇറക്കം ഇറങ്ങുന്നതിനിടെ പിക്കപ്പ് വാന്റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, തുടർന്ന് നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് നീങ്ങി ഗുഡ്സ് വാനിലിടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തെ തുടർന്ന് വാനിനുള്ളിൽ കുടുങ്ങിപ്പോയ പിക്കപ്പ് ഡ്രൈവറും വയനാട് സ്വദേശിയുമായ ഷിജു(28)വിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഷിജുവിനെയും, നിസാര പരിക്കേറ്റ ഗുഡ്സ് വാൻ ഡ്രൈവറെയും മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും ചേർന്നാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. വാഹനങ്ങൾ റോഡിന് കുറുകെ കിടന്നതിനാൽ പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തുകയും, ക്രെയ്ൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *