സൂക്ഷിച്ചോ! കണ്ണ് വെട്ടിക്കാമെന്ന് കരുതേണ്ട ; സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വീണ്ടും കണ്ണ് തുറന്നു. കെൽട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈൻ ചുമത്തൽ തുടങ്ങിയിട്ടുണ്ട്.

എംവിഡി റോഡുകലിൽ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാൻ കെൽട്രോണിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ ക്യാമറകൾ വഴി റെക്കോർഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങൾ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് മന്ത്രി ഇടപെട്ട് ധാരണയാക്കിയത്.

മോട്ടോർ വാഹന വകുപ്പിനായി എഐ ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും കെൽട്രോൺ ആണ് നിർവഹിക്കുന്നത്. ഇതിനായി മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപ നൽകണമെന്നാണ് കരാർ. എന്നാൽ ഈ തുക മുടങ്ങിയതോടെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിലായത്.

സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവില്ലെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ എഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നിയമലംഘനങ്ങൾ ക്യാമറയിൽ പതിയുന്നുമുണ്ടായിരുന്നു. ക്യാമറകൾ വഴി റെക്കോർഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങൾ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് പ്രശ്നം. നിയമലംഘനത്തിന് കൂട്ടത്തോടെ ചലാൻ അയയ്ക്കാനുള്ള സംവിധാനം എഐ ക്യാമറയിൽ ഉണ്ട്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ സെർവറിൽ സൂക്ഷിക്കുന്നുണ്ട്. ഇതുവരെയുളള നിയമലംഘനങ്ങളിൽ കൂട്ടത്തോടെ ചലാൻ വരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *