വീട് കയറി ആക്രമണം: വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് മൂന്ന് യുവാക്കൾ പിടിയിൽ

പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചതായി പരാതി. പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലായിരുന്നു അക്രമം. കുന്നിക്കുഴി അനിഴം വീട്ടിൽ ചിണ്ടൻ എന്ന് വിളിക്കുന്ന ബിനു (46), പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ (29), പന്തളം ചെറുമല തരിപ്പോട്ടിൽ

വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പതിനൊന്നാം തീയതി രാത്രി 9 30 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവശത്തെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി വയോധികയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി. വീടിനും നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികളിൽ ഒരാളായ ബിനുവിനെ പതിനെട്ടാം തീയതി പോലീസ് പിടികൂടിയെങ്കിലും മറ്റു പ്രതികൾ ഒളിവിലായിരുന്നു.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് മറ്റു പ്രതികളെ പിടികൂടിയത്. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ ശരത് എസ് പിള്ള, എസ് അൻവർഷ, എസ് വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസിക നീക്കങ്ങളിലൂടെ പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *