ലുക്ക്ഔട്ട് നോട്ടീസിന് പിന്നാലെ അറസ്റ്റ്; കടത്തനാട് സൊസൈറ്റി കേസിലെ ഒന്നാം പ്രതി റെനീഷ് പിടിയിലായി

വടകര: വലിയ രാഷ്ട്രീയ-സാമൂഹിക കോളിളക്കങ്ങൾ സൃഷ്ടിച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ റെനീഷ് പിടിയിലായി. കോട്ടയം പാലായിൽ നിന്നാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

സൊസൈറ്റിയുടെ മുൻ ഡയറക്ടറായ റെനീഷിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വൻ ക്രമക്കേട് നടന്നതായാണ് സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിലാണ് വടകര പൊലീസിൽ പരാതി നൽകുന്നതും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതും.

കേസുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ സുധീർകുമാറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി പ്രസിഡന്റ് പ്രീനയാണ് കേസിലെ രണ്ടാം പ്രതി. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ മേയ് 29-ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീട്ടുപടിക്കൽ തീകൊളുത്തി ജീവനൊടുക്കിയിരുന്നു. ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയെ തുടർന്ന് വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *