തിരുവനന്തപുരം: നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പി എസ് സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർതികളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും പിഎസ് സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പിശകുകളെ പർവതീകരിക്കുകയാണ്. ആരോപണങ്ങളോട് പ്രതികരിക്കാൻ പരിമിതി ഉണ്ട്. ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങൾ നിഷേധിച്ച പി .എസ്.സി, മഹത്തായ പാരമ്പര്യത്തിനും വിശ്വസ്തതയ്ക്കും യശസ്സിനും നേരിയ പോറൽ പോലും ഏൽക്കാതിരിക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ (കെ.പി.എസ്.സി) അർപ്പിച്ചിരിക്കുന്ന വിശ്വാസവും പ്രതീക്ഷകളും യാതൊരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുമെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണ്. പി.എസ്.സിയുടെ മഹത്തായ പാരമ്പര്യത്തിനും വിശ്വസ്തതയ്ക്കും യശസ്സിനും നേരിയ പോറൽ പോലും ഏൽക്കാതിരിക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ആയിരക്കണക്കിന് തസ്തികകളിലേക്ക് വിപുലമായ നിയമന പ്രക്രിയകൾ നടക്കുമ്പോൾ അത്യപൂർവ്വമായി ചില പിഴവുകൾ ഉണ്ടായേക്കാം. എന്നാൽ അത്തരം വീഴ്ചകൾ കണ്ടെത്തിയാൽ ഏതുവരെയും പോയി അവ തിരുത്താനും ശാശ്വതമായി പരിഹരിച്ച് നിയമന പ്രക്രിയ ഭദ്രമാക്കാനും കമ്മീഷൻ എപ്പോഴും തയ്യാറാകാറുണ്ട്. ഇത്തരം ചെറിയ പിഴവുകളെ പർവ്വതീകരിച്ച് കാണിക്കുന്ന രീതിയിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കമ്മീഷന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ സഹകരിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതുള്ളതിനാൽ, ഉയർന്നു വരുന്ന എല്ലാ ആരോപണങ്ങൾക്കും പരസ്യമായി മറുപടി നൽകുന്നതിൽ കമ്മീഷന് പരിമിതികളുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
