തിരുവനന്തപുരം: അടിസ്ഥാന ഗണിതശേഷിയും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനവും കൈവരിക്കാത്ത ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മുന്നിലെത്തിക്കുന്ന ‘റിവൈവ്’ പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും (SSK) സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചത്.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും പൂർണ്ണമായി നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഏകാധ്യാപക വിദ്യാലയങ്ങളും എൽ.പി. സ്കൂളുകളായി ഉയർത്തി. ഹൈസ്കൂൾ തലത്തിൽ എ.ഐ. (Artificial Intelligence) പഠനം ആരംഭിച്ചതിനൊപ്പം എൽ.പി., യു.പി. സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ‘അക്വാഫിറ്റ്’, സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ എത്തിക്കുന്ന ‘കൂടെ’ തുടങ്ങിയ പദ്ധതികളും വിജയകരമായി നടപ്പാക്കി. കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ കുറവുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ എസ്.എസ്.കെ. പദ്ധതികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

എൽ.പി., യു.പി. ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന പഠന പ്രയാസങ്ങൾ പരിഹരിക്കുകയാണ് ‘റിവൈവ്’ പദ്ധതിയുടെ ലക്ഷ്യം. കുട്ടിയിലെ പ്രത്യേക പഠന പിന്നാക്കാവസ്ഥ തിരികെറിഞ്ഞ് ഫലപ്രദമായ ബോധനരീതികളും ക്ലാസ് റൂം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ, തിരുവനന്തപുരം എസ്.പി.ഒ. ഇൻചാർജ് വി.കെ. അബ്ദുറഹിമാൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പനവൂർ നിസാമുദീൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ., ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, ഹെഡ്മാസ്റ്റർ റെജി ലൂക്കോസ്, പി.ടി.എ. പ്രസിഡന്റ് മനോജ് കെ.ബി. തുടങ്ങിയവർ പങ്കെടുത്തു.

