ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവം: ചികിത്സാപിഴവെന്ന് ആരോപണം

വടകര: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ അഴിയൂർ കല്ലാമല മുബാറക് മൻസിലിൽ അഫീഫ (34) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

പ്രസവത്തിനായി വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫീഫ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാപിഴവും അനാസ്ഥയുമുണ്ടായതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

സംഭവത്തിൽ സമയബന്ധിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യു.എ. റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബി ചോമ്പാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹൻ, എം.പി. ബാബു, പി. ബാബുരാജ്, പി.പി. ജാഫർ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കേസിൽ നീതി ഉറപ്പാക്കാനായി “അഫീഫയ്ക്ക് നീതി” ജനകീയ ആക്ഷൻ കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചു. യു.എ. റഹീം ചെയർമാൻ, കെ.കെ. ജയചന്ദ്രൻ ജനറൽ കൺവീനർ, കെ.ടി. അബൂബക്കർ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *