കായംകുളത്ത് 25കാരിയുടെ മരണം; ചികിത്സപ്പിഴവെന്ന് പരാതിയുമായി കുടുംബം, ആരോപണം സ്വകാര്യ ആശുപത്രിക്കെതിരെ, കേസെടുത്ത് പൊലീസ്

കാര്യമായ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ബുധനാഴ്ചയാണ് സ്വാതി മരിച്ചത്.

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് കരുനാഗപ്പളളി സ്വദേശിനിയായ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഗർഭാശയമുഴ നീക്കം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് യുവതിയുടെ മരണകാരണമെന്ന് ആശുപത്രി വിശദീകരിക്കുന്നു.

കരുനാഗപ്പളളി സ്വദേശിനി സ്വാതി എന്ന ഇരുപത്തിയഞ്ചുകാരിയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയതും ശസ്ത്രക്രിയയ്ക്കായി കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ജൂലൈ പതിനേഴിന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറയുന്നു. കാര്യമായ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ബുധനാഴ്ചയാണ് സ്വാതി മരിച്ചത്.

സ്വാതിയെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തീയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ കുടുംബം സംശയം ഉന്നയിക്കുന്നു. ഗുരുതര ഹൃദയാഘാതം ഉണ്ടായിട്ടും പരുമലയിലേക്ക് ചികിൽസയ്ക്ക് കൊണ്ടുപോകാൻ കാലതാമസമുണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സ്വാതിക്ക് ഹൃദ്രോഗ പശ്ചാത്തലം ഉണ്ടെന്നും ചികിൽസാപിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം. ഈ വിശദീകരണം കുടുംബം തളളുകയാണ്. വിശദമായ ഹൃദയപരിശോധന നടത്തിയ ശേഷമാണ് സ്വാതിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.അഞ്ചു മാസം മുമ്പ് മാത്രമായിരുന്നു സ്വാതിയുടെ വിവാഹം. ഭർത്താവ് പ്രവീണിൻറെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *