കൂടുതൽ വിദ്യാർഥികൾ പരാതി നൽകിയ സാഹചര്യത്തിൽ ആണ് നടപടി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർഥികൾ പരാതി നൽകിയ സാഹചര്യത്തിൽ ആണ് നടപടി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.
സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയായ ഏബൽ അഗസ്റ്റിനെതിരെ വീണ്ടും കേസ് എടുത്തത്. കൂടുതൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ പൊലീസ് 2 എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തിരുന്നു. പരാതികൾ ഒരുപാട് വന്നിട്ടും പൊലീസ് വീണ്ടും കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആദ്യമെടുത്ത കേസിൽ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു.

സഹപാഠികളുടെയും സീനിയറായ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിക്കെതിരായ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ വയനാട് സ്വദേശി ഏബൽ അഗസ്റ്റിനാണ് കേസിലെ പ്രതി. വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ഏബലിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുതൽ പരാതികൾ എത്തിയത്. എന്നാൽ ഈ പരാതികളൊക്കെ ഒരു കുറ്റകൃത്യമാണെന്നും അതിനാൽ പല കേസുകളായി എടുക്കാൻ കഴിയില്ലെന്നുമായിരുന്നു മെഡിക്കൽ കോളേജ് പൊലീസിൻറെ ആദ്യ നിലപാട്. വിദ്യാർത്ഥികളുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തിയെന്നും ആരോപണം ഉണ്ടായി. വിദ്യാർത്ഥി സംഘടനകളും കുൂടി സംഘടിച്ചെത്തിയതോടെ അർധരാത്രി പൊലീസ് സ്റ്റേഷൻ പ്രതിഷേധക്കളമായി മാറിയിരുന്നു.
രാത്രി തന്നെ കൂടുതൽ വനിത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തിയാണ് മൊഴിയെടുപ്പ് നടത്തുകയും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. ക്രിമിനൽ സ്വഭാവമുള്ള ഒരാൾ ഡോക്ടർ ആകുന്നത് ആപത്താണന്നും കർശന നടപടി പ്രതീക്ഷിക്കുന്നതായും കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു . 6 മാസം മുൻപ് ഏബലിനെതിരെ പരാതി ലഭിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. ക്രിമിനൽ കേസിൽ പ്രതിയായതിന് പിന്നാലെ ഏബലിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു.
