ബസ്സുകൾ ആറുവരിപ്പാതയിൽ കയറേണ്ട, സർവീസ് റോഡ് മാത്രം ഉപയോഗിക്കണം; കർശന നിർദേശവുമായി എം.വി.ഡി

ആറുവരി ദേശീയപാതയിലൂടെയുള്ള റൂട്ട് ബസുകളുടെ (സ്റ്റേജ് കാര്യേജ്) യാത്രയ്ക്ക് വിലക്കേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾ നിർബന്ധമായും സർവീസ് റോഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് എം.വി.ഡി വ്യക്തമാക്കി. ആറുവരിപ്പാത വഴി സർവീസ് നടത്തുകയും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുകയും ചെയ്യുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

അടുത്തിടെ ആറുവരിപ്പാതയിലെ മേൽപ്പാലത്തിൽ ഒരു സ്ത്രീയെ ബസ് ജീവനക്കാർ ഇറക്കിവിട്ട സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ എം.വി.ഡി വിഷയത്തിൽ ഔദ്യോഗിക വ്യക്തത വരുത്തിയത്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാൻ അനുമതിയില്ലെന്നും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഹൈവേയിൽ ഇറങ്ങേണ്ടിവരുന്ന സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാർ പുറത്തെത്താൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് നടപടി. സർവീസ് റോഡുകൾ ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം വേഗത്തിൽ പോകാൻ ശ്രമിക്കുന്ന ബസുകളെ നിരീക്ഷിക്കാൻ പരിശോധന ശക്തമാക്കുമെന്നും എം.വി.ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *