തൃശൂർ: പോക്‌സോ കേസിൽ സാക്ഷിപറഞ്ഞ വൈരാഗ്യത്തിൽ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് സ്വദേശി ഷെക്കീർ(34) ആണ് അറസ്റ്റിലായത്. ഇയാൾ പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കൂടിയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വടക്കേക്കാട് നാലാം കല്ലിൽ വച്ചാണ് സംഭവം നടന്നത്. അക്രമത്തിൽ ലോഹിതാക്ഷ(53) നാണ് ഗുരുതരമായി പരുക്കേറ്റത്.

വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ട പ്രതിയുടെ പേരിൽ വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ട്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ വടക്കേക്കാട് പോലീസ് എസ്.ഐ. അബ്ദുൽ സലീം, എസ്.സി.പി.ഒ. മാരായ ഹരികുമാർ, ജിതിൻ, സി.പി.ഒ. മാരായ നസൽ, പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു.

