പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; പ്രതിപക്ഷ ഉപനേതൃപദവിയിൽ നിലപാട് കടുപ്പിച്ച് എക്സിക്യൂട്ടീവ്

ന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടുകളെയും തിണ്ണമിടുക്കിനെയും അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. അതേസമയം, വിഷയത്തിൽ ഉടൻ തിരക്കിട്ട തീരുമാനങ്ങളിലേക്ക് കടക്കാതെ കാത്തിരിക്കാനും യോഗത്തിൽ ധാരണയായി.സിപിഎമ്മിന്റെ നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോഗവും കോഴിക്കോട്ട് നടക്കാനിരിക്കെയാണ് സിപിഐ ഈ നിലപാടെടുത്തത്. സെപ്റ്റംബർ 15-ന് സമാപിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം സെപ്റ്റംബർ 17-ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ചേർന്ന് അന്തിമ നിലപാട് സ്വീകരിക്കും. പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവർക്ക് മുന്നിൽ സിപിഐ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനോട് പിണറായി വിജയൻ സ്വീകരിച്ച നിലപാടിൽ പാർട്ടി എക്സിക്യൂട്ടീവിൽ കടുത്ത പ്രതിഷേധം ഉയർന്നു. ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്നണിയെ തകർക്കുന്ന നിലപാട് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. വിഷയം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുന്നണി കൺവീനറുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *