നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; മദ്യപിച്ച് വണ്ടിയോടിക്കാൻ കൂട്ടുനിന്നു; സുഹൈലിന്റെ 3 സുഹൃത്തുക്കൾക്കെതിരെ പ്രേരണാകുറ്റം

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപകടം ഉണ്ടാകുമ്പോൾ സുഹൈൽ സജീവനൊപ്പം മിനി കൂപ്പറിൽ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. സുഹൃത്ത് ആലപ്പുഴ സ്വദേശി നിനവ് ആയിരുന്നു മുൻ സീറ്റിൽ ഉണ്ടായിരുന്നത്. സുഹൈൽ ബാറുകളിൽ കയറി മദ്യപിക്കുമ്പോഴും ഒപ്പം ഉണ്ടായിരുന്നത് നിനവാണ്. വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും, മിനി കൂപ്പറിൽ കയറുന്നത്. നാലുപേരും ഒരുമിച്ചു പോകുമ്പോഴാണ്, അമിത വേഗത്തിൽ ഓടിക്കലും അപകടത്തിൽ കലാശിച്ചതും. മദ്യപിച്ചു എന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കുന്നത് തടയാത്തതിനും, അമിതവേഗം വിലക്കാത്തതിനുമാണ്, പൊലീസ് പ്രേരണ കുറ്റം ചുമത്തിയത്. അപകട ശേഷം സുഹൃത്തിനെ കൂട്ടാൻ എത്തിയ കാറിലാണ് അമീറും ജോയലും രക്ഷപ്പെട്ടത്.

അതേസമയം, സുഹൈലിൻറെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. പൊലീസ് റിപ്പോർട്ട്‌ കിട്ടുന്ന മുറയ്ക്ക് സുഹൈലിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടി പൂർത്തിയാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ വാഹനത്തിൻറെ ഇവന്റെ ഡാറ്റ റെക്കോർഡർ പൊലീസ് പരിശോധിക്കും. അപകട നേരത്തെ വേഗം, ബ്രേക്കിങ്, ത്രോട്ടിൽ പൊസിഷൻ എന്നിവ തിരിച്ചറിയാനാണ് പരിശോധന. അമിത വേഗത്തിലായിരുന്നു വാഹനം എന്ന് സുഹൈൽ പൊലീസിനോട് പറഞ്ഞിരുന്നു. സുഹൈൽ നിലവിൽ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *