കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിലുമായി പ്രസവവാർഡിലെ കൂട്ടിരിപ്പുകാരിയായ യുവതി പിടിയിലായി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. പെരുമാറ്റത്തിൽ സംശയം തോന്നിയ സഹരോഗികളുടെയും ജീവനക്കാരുടെയും ഇടപെടലിനെത്തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ജയിലിൽ കഴിയുന്ന ഭർത്താവിന് നൽകാനാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് അശ്വതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ഇത് ജയിലിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *