നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. സുഹൈൽ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി ഉണ്ടാകും എന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി കെ പ്രതികരിച്ചു. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവിൽ കസ്റ്റഡിയിലാണ്.
മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയിൽ ബികോം വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.

