അൽ വർഖ മേഖലയിൽ മാത്രം കെട്ടിടങ്ങളുടെ ഉപയോഗവും അനുമതിയില്ലാത്ത നിർമാണങ്ങളും പരിശോധിക്കാൻ എണ്ണൂറിലധികം സന്ദർശനങ്ങൾ നടത്തി.
ദുബായ്∙ ദുബായിലെ താമസമേഖലകളിൽ നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളും കെട്ടിട ദുരുപയോഗവും തടയുന്നതിനായി പരിശോധന കർശനമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ പതിനാറായിരത്തിലേറെ പരിശോധനകളാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയത്. അൽ വർഖ മേഖലയിൽ മാത്രം കെട്ടിടങ്ങളുടെ ഉപയോഗവും അനുമതിയില്ലാത്ത നിർമാണങ്ങളും പരിശോധിക്കാൻ എണ്ണൂറിലധികം സന്ദർശനങ്ങൾ നടത്തി.
പരിശോധനകളിൽ 2,395 നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിൽ 451 കേസുകളിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചു. 1,478 കേസുകളിൽ തിരുത്തൽ നടപടികൾ പുരോഗമിക്കുകയാണ്. ഗുരുതര വീഴ്ച വരുത്തിയ 466 കേസുകളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കാത്ത പക്ഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

∙ ബാച്ചിലർ താമസത്തിനും അനുമതിയില്ലാത്ത നിർമാണത്തിനും വിലക്ക്
അനുമതിയില്ലാത്ത പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നത്, ഒരു വില്ലയിലോ ഫ്ലാറ്റിലോ അനുവദിച്ചതിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നത്, മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും കൂട്ടിചേർക്കലുകളും എന്നിവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. നിവാസികളുടെ സുരക്ഷയ്ക്കും കെട്ടിടങ്ങളുടെ ഘടനാപരമായ ഉറപ്പിനും ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കാണ് മുൻഗണന നൽകി നടപടിയെടുക്കുന്നത്.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തിന്റെ പാരമ്പര്യവും ഭംഗിയും നിലനിർത്തുന്നതിനുമാണ് ദിവസേനയുള്ള പരിശോധനകൾ ശക്തമാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിങ് റഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സിഇഒ മറിയം അൽ മുഹൈരി പറഞ്ഞു.
വില്ലകളും കെട്ടിടങ്ങളും അനുവദിച്ച ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും, ബാച്ചിലർമാർക്കോ ഒന്നിലേറെ കുടുംബങ്ങൾക്കോ വാടകയ്ക്ക് നൽകരുതെന്നും കെട്ടിട ഉടമകൾക്ക് അധികൃതർ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻപ് ആവശ്യമായ പെർമിറ്റുകൾ വാങ്ങിയിരിക്കണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.

