തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ സംഭവത്തിൽ ബാറിനെതിരെ പോലീസ് , ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെ കേസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പോലീസ് കേസെടുത്തു. ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 30-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം. പതിനേഴുകാരനും കൊഴുക്കുള്ളി സ്വദേശിയായ മറ്റൊരു സുഹൃത്തും ചേർന്ന് മണ്ണുത്തിയിലെ ഒരു ബാറിൽ മദ്യപിക്കാനായി എത്തുകയായിരുന്നു. ബാറിൽ വെച്ച് മദ്യം കഴിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തർക്കത്തെ തുടർന്ന് 17 കാരൻ തന്നെയാണ് നേരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലൂടെയുമാണ് പരാതിക്കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാറിനെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതിന് എക്സൈസ് നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, ബാറിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി വഴക്കുണ്ടാക്കുകയും ഉന്തും തള്ളുമുണ്ടാക്കുകയും ചെയ്ത സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *