തൃശ്ശൂർ: കുന്നംകുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കുന്നംകുളം പാറേമ്പാടത്ത് വെച്ച് കനത്ത അപകടമുണ്ടായത്. കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ടു കാറുകൾ, ഒരു ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവയെ ഇടിച്ചുതെറിപ്പിച്ച ബസ് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് നിന്നത്.
അപകടത്തിൽ കാർ യാത്രക്കാരിയായ പോർക്കുളം സ്വദേശി റിയാ ഫാത്തിമ (17), ബൈക്ക് യാത്രക്കാരിയായ അയ്യംപറമ്പ് സ്വദേശിനി തങ്കമണി എന്നിവരാണ് മരിച്ചത്.
