കാസർകോട്: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി കാസർകോട് കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എം.ഡി.എം.എ.യുമായി യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയടക്കം നാലുപേരെ ചന്ദേര പോലീസ് പിടികൂടി. എറണാകുളം വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായ മുഹമ്മദ് ഹുസൈൻ, എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരും മുൻപ് ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ പങ്കെടുത്തവരുമാണ്. ഇവർക്കൊപ്പമുള്ള നേതാക്കളുടെ സന്ദർശന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത് രാഷ്ട്രീയതലത്തിലും ചർച്ചയായിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ചന്ദേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
