കളമശ്ശേരി കൂട്ടബലാത്സംഗം: സ്പാ പൂട്ടിച്ചു; ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

കളമശ്ശേരി: യുവതിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കുറ്റകൃത്യത്തിന് വഴിയൊരുക്കിയ കൂനംതൈയിലെ ‘ഡിലൈറ്റ് സ്പാ’ പോലീസ് പൂട്ടിച്ചു. കേസിലെ ഒന്നാം പ്രതി ശ്രീരാജ് നടത്തിവന്നിരുന്ന സ്പായാണിത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാജിനെയും കൂട്ടുകാരൻ ജിത് മാർട്ടിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

ഒളിവിലുള്ള വയനാട് സ്വദേശിനിയായ 23-കാരി, സഞ്ജു എന്ന യുവാവ് എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സ്പായിൽ ജോലിക്ക് ആളെയവശ്യമുണ്ടെന്ന് ഒ.എൽ.എക്സ് (OLX) വഴി നൽകിയ പരസ്യം കണ്ടാണ് ഇരയായ യുവതി പ്രതികളെ സമീപിക്കുന്നത്. ഈ മാസം രണ്ടിന് രാവിലെ ഇന്റർവ്യൂവിനെത്തിയ യുവതിയെ, മറ്റ് ജീവനക്കാരെ പരിചയപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രാത്രിയോടെ ഓൺലൈൻ ടാക്സിയിൽ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ലോഡ്ജിൽ വെച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ശ്രീരാജും ജിത്ത് മാർട്ടിനും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ ഒളിവിലുള്ള വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. മൂന്നാം തീയതി വൈകീട്ട് വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരങ്ങൾ തുറന്നുപറഞ്ഞതോടെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *