‘കമ്പനി തുടങ്ങിയത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ച്’; വിശദീകരണവുമായി ലേക്കർ ഇന്ത്യ


വീണ ടി ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പിന് ലൈസൻസില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു

കൊച്ചി: ലേക്കർ ഇന്ത്യ കോർപ്പ് കടലാസ് കമ്പനിയല്ലെന്ന് ലേക്കർ ഇന്ത്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ചാണ് കമ്പനി തുടങ്ങിയതെന്നും ലേക്കർ ഇന്ത്യ വിശദീകരിക്കുന്നു. എന്നാൽ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്നതും കമ്പനി സ്ഥരീകരിച്ചു. ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. രേഖകളിൽ തിരുത്തൽ വരുത്താൻ പഞ്ചായത്ത് നിർദേശിച്ചു. തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കുമെന്നും കമ്പനി പാർട്ണറായ ഡോ. അനീസ് കോടമ്പിയത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വീണ ടി ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പിന് ലൈസൻസില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ലേക്കർ ഇന്ത്യ കോർപ്പ് പ്രവർത്തിച്ചത്. നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടർന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസൻസിനുള്ള അപേക്ഷ മടക്കിയത്.

കമ്പനി രേഖകളിൽ ഉടമകൾ ടി വീണയും ഡോ. അനീസ് കോടമ്പിയത്തും ആണെന്നിരിക്കെ വാടകക്കരാറിൽ അനീസിന്റ പേര് മാത്രമാണുള്ളത്. വീണയുടെ പേര് കൂടി വേണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് കമ്പനി തുടങ്ങിയതെങ്കിലും ഈയിടെ മാത്രമാണ് ലൈസൻസിന് അപേക്ഷിച്ചത്. രേഖകൾ ക്രമപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു സംശയം.

അതേസമയം, സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
റെയ്ഡിനിടെ ഇഡി പിടിച്ചെടുത്ത നിഖിലിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനമുണ്ട്.

കേസിൽ വീണ ടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഹാജാരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കാനാണ് തീരുമാനം. സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടി കേസിലെ പുതിയ കണ്ടെത്തലുകളുണ്ടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *