കൊച്ചി: ആലുവ കരുമാലൂരിൽനിന്ന് 12-കാരിയെ കാണാതായ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടി കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടിയെയാണ് പിന്നീട് കാണാതായത്. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ തുടർന്ന് ഫോൺ സ്വിച്ച് ഓഫായി. അവസാനമായി കാസർകോടാണ് ടവർ ലൊക്കേഷൻ കാണിച്ചത്.
വീട്ടിൽ ധരിച്ചിരുന്ന വേഷത്തിലാണ് കുട്ടി പോയതെന്നും, ഇവിടെയെത്തി അവിടെയെത്തി എന്ന് മാത്രമാണ് പോലീസ് പറയുന്നതെന്നും എന്നാൽ കുട്ടിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
അതേസമയം പെൺകുട്ടിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി ആലങ്ങാട് പോലീസ് അറിയിച്ചു. കുട്ടി കേരളം വിട്ടതായാണ് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ടെന്നും എത്രയും വേഗം കുട്ടിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
