തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വർണ്ണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭർത്താവ് വിഷ്ണു . അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വർണ്ണം പണയം എടുക്കാൻ ശ്രമിച്ചപ്പോൾ പകരം വ്യാജ സ്വർണമാണ് നൽകിയത്. ഇതോടെയാണ് തട്ടിപ്പ് മനസിലായതെന്നും 20 പവനോളം നഷ്ടമായി എന്ന് അഞ്ചു പറഞ്ഞിരുന്നു എന്നും വിഷ്ണു പറഞ്ഞു. പലവട്ടം സിന്ധുവിന്റെ വീട്ടിൽ പോയി നഷ്ടപ്പെട്ട സ്വർണം നൽകണമെന്ന് അഞ്ചുവും ഐശ്വര്യയും ആവശ്യപ്പെട്ടിടുണ്ടെന്നും വിഷ്ണു പറഞ്ഞു.
‘തട്ടിപ്പിന് ഇരയായെന്ന് അഞ്ചു പറഞ്ഞിരുന്നു. ഫിനാൻസിൽ വന്ന് കണ്ട് പരിചയപ്പെട്ടാണ് സിന്ധു തട്ടിപ്പിനിരയാക്കിയത്. കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകി ആണ് സ്വർണം വാങ്ങിയത്. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വർണം പണയം എടുക്കാൻ ശ്രമിച്ചപ്പോൾ അവർ തിരിച്ചുനൽകിയില്ല. പകരം വ്യാജ സ്വർണം നൽകി. ഇതോടെ ആണ് തട്ടിപ്പ് മനസിലായത്. സ്വർണം എല്ലാം നൽകിയ ശേഷമാണ് സിന്ധു തട്ടിപ്പുകാരിയാണ് എന്ന് അറിഞ്ഞത്. പലതരത്തിലും ബാധ്യതകൾ തീർക്കാൻ അഞ്ചുവും ഐശ്വര്യയും ശ്രമിച്ചു. പലവട്ടം സിന്ധുവിന്റെ വീട്ടിൽ പോയി നഷ്ടപ്പെട്ട സ്വർണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വർണം തന്നിട്ടുണ്ടെന്ന് തെളിവ് നൽകാനാണ് ആവശ്യപ്പെട്ടത്. അവർ വിഷം കഴിച്ച കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു’, വിഷ്ണു പറഞ്ഞു.
സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി ഐശ്വര്യയും ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂൺ 30നാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്.
ജോലി ചെയ്യുന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവൻ സ്വർണം എടുത്തുനൽകുകയായിരുന്നു. പണയംവെച്ച സ്വർണം തിരികെയെടുക്കാൻ ഉടമസ്ഥർ സ്ഥാപനത്തിൽ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനകം യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവിൽ നിന്നും 20 പവനും ഐശ്വര്യയിൽ നിന്നും 50 പവൻ സ്വർണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്തമാനസിക സമ്മർദ്ദത്തിൽ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചു. കൂടുതൽ പേർ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധു നേരത്തെയും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണെന്നാണ് വിവരം.
